അതിജീവനത്തിന്റെ മികച്ച മാതൃകയാണ് ഉമ്മൻചാണ്ടി : പിണറായി വിജയൻ
Friday, July 19, 2024 5:23 PM IST
തിരുവനന്തപുരം: അതിജീവനത്തിന്റെ മികച്ച മാതൃകയാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഓർമ്മയിൽ ഉമ്മൻചാണ്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി തന്നെ എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻചാണ്ടിയും വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജോസഫ് എം. പുതുശേരി, സനീഷ് കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.