കണ്ണൂരിൽ നിന്ന് ലഭിച്ച നിധിക്ക് 200 വർഷം പഴക്കം; പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും
Wednesday, July 17, 2024 7:48 PM IST
കണ്ണൂർ: മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂർ ജില്ലയിലെ ചെങ്ങളായിൽ നിന്നും കണ്ടെത്തിയ പുരാവസ്തുക്കൾക്ക് 200 വർഷത്തെ പഴക്കം. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി.
പുരാവസ്തുക്കളിൽ അറക്കൽ രാജവംശം ഉപയോഗിച്ച നാണയങ്ങളും ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
പരിപ്പായി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് 17 മുത്തുകൾ, 13 സ്വർണ ലോക്കറ്റുകൾ, നാല് പതക്കങ്ങൾ, അഞ്ച് പുരാതന മോതിരങ്ങൾ, ഒരു സെറ്റ് കമ്മലുകൾ, നിരവധി വെള്ളി നാണയങ്ങൾ എന്നിവ കണ്ടെടുത്തത്.