സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനികളെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Friday, July 12, 2024 7:28 PM IST
കോഴിക്കോട്: വടകര മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. ആജീവനാന്ത കാലത്തേക്കാണ് നടപടി.
വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. സംഭവത്തിൽ വടകര ആർടിഒ സഹദേവൻ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിംഗ് നടത്തിയിരുന്നു. ഇതിനുശേഷമാണ് നടപടി.
കണ്ണൂരില്‍നിന്ന് കോഴിക്കോട് റൂട്ടിലേക്ക് വരികയായിരുന്ന അയ്യപ്പന് ബസാണ് വിദ്യാര്‍ഥിനികളെ ഇടിച്ചത്. മടപ്പള്ളി സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍. പകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി. തുടർന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു.