ബിഎംഡബ്ലു കാര്‍ ഇടിച്ച് സ്ത്രീ മരിച്ച സംഭവം: ശിവസേന നേതാവിന്റെ മകന് അറസ്റ്റില്‍
Tuesday, July 9, 2024 5:27 PM IST
മുംബൈ: വോര്‍ളിയില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് 45കാരി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയും ഷിന്‍ഡെ വിഭാഗം ശിവവേസന നേതാവിന്റെ മകനുമായ മിഹിര്‍ ഷാ അറസ്റ്റില്‍. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് മിഹിര്‍ ഷാ.
കാര്‍ ഉടമകൂടിയായ രാജേഷ് ഷായെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. താനെയില്‍ നിന്നാണ് മിഹിറിനെ പിടികൂടിയതെന്നാണ് സൂചന. മിഹിറിനെ കണ്ടെത്താന്‍ ആറു ടീമുകളെയാണ് പോലീസ് നിയോഗിച്ചിരുന്നത്. രാജ്യം വിട്ട് പോകാതെ ഇരിക്കാന്‍ ലൂക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കാവേരി നഖാവ് എന്ന സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂണ്‍ ഡോക്കില്‍നിന്ന് മത്സ്യവും വാങ്ങി തിരികെ പോകുന്ന സമയത്താണ് മിഹിര്‍ ഓടിച്ചിരുന്ന കാര്‍ ഇവരെ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ് കാവേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.