കുതിപ്പിനിടെ വീണ് സ്വർണം; 54,000 രൂപയിൽ താഴെ
Monday, July 8, 2024 12:17 PM IST
കൊച്ചി: വീണ്ടും റിക്കാർഡുകൾ ഭേദിച്ചു മുന്നേറുമെന്ന പ്രതീതിയുയർത്തിയ ശേഷം സ്വർണവില താഴേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 53,960 രൂപയിലും ഗ്രാമിന് 6,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,505 രൂപയാണ്.
ഒരിടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് സ്വർണവില കുതിച്ചത്. പവന് 520 രൂപയാണ് കൂടിയത്. പിന്നീട് വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ശനിയാഴ്ച വീണ്ടും 520 രൂപ വർധിച്ചു. ഒരാഴ്ചയ്ക്കിടെ പവന്1,320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54,000 കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റിക്കാർഡ് ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് വില താഴ്ന്നത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.