അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
Monday, July 8, 2024 4:01 AM IST
എറണാകുളം: സെഡേറ്റീവ് - ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന 75 അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്.
15 ഗ്രാം ഗുളികളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ഇത്തരത്തിലുള്ള ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ ഗുളികകളുടെ അനാവശ്യമായ ഉപയോഗം അമിത രക്ത സമ്മർദത്തിന് ഇടയാക്കും. ഇവ മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതമുണ്ടാക്കുകയും ഹൃദയാഘാതം വരെ സംഭവിക്കാൻ കാരണമാവുകയും ചെയ്യുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.