ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ
Monday, July 8, 2024 12:50 AM IST
നോയിഡ: ഗ്രേറ്റർ നോയിഡയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലെ എടിഎസ് റൗണ്ട് എബൗട്ടിന് സമീപമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പൂജ, പ്രഹ്ളാദ് എന്നിവരാണ് അറസ്റ്റിലായത്. മഹേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ശുചീകരണ തൊഴിലാളിയായ മഹേഷ്, ജോലിയുടെ ഭാഗമായി ഗ്രേറ്റർ നോയിഡയിലെ ബിറോണ്ടയിലാണ് താമസിച്ചിരുന്നത്. ഈ സമയം, പൂജ, പ്രഹ്ലാദിനെ ഗ്രേറ്റർ നോയിഡയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എൻഎഫ്എൽ സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന പ്രഹ്ളാദ് പതിവായി ഇവരുടെ വീട്ടിൽ വരുമായിരുന്നു. ജൂലൈ ഒന്നിന് മഹേഷ് ഇല്ലാതിരുന്ന സമയം പ്രഹ്ളാദ് ഇവരുടെ വീട്ടിൽ വരുകയും ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും ചെയ്തു.
തുടർന്ന് ഇരുവരുമായി മഹേഷ് വഴക്കുണ്ടായി. തുടർന്ന് പൂജയും പ്രഹ്ളാദും കത്രിക ഉപയോഗിച്ച് മഹേഷിനെ ആക്രമിക്കുകയായിരുന്നു. മഹേഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഒളിപ്പിച്ചു വച്ചതിനു ശേഷം സ്ഥലത്തു നിന്നും മുങ്ങി.
സംഭവമറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും നോയിഡയിലെ എടിഎസ് റൗണ്ട് എബൗട്ടിന് സമീപത്തു നിന്നും പിടികൂടിയത്.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) പ്രകാരമുള്ള കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റർ നോയിഡയിലെ ലോക്കൽ ബീറ്റ 2 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.