മുംബൈയില്‍ ബിഎംഡബ്ലു കാര്‍ ഇടിച്ച് യുവതി മരിച്ചു
Sunday, July 7, 2024 5:37 PM IST
മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് യുവതി മരിച്ചു. മുബൈ വോര്‍ളിയില്‍ ആണ് സംഭവം. കാവേരി നഖാവ് എന്ന യുവതിയാണ് മരിച്ചത്. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകനാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ ഉടമയും ശിവസേന ഷിൻഡെ വിഭാഗം പ്രാദേശിക നേതാവുമായ രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നെന്ന് കരുതുന്ന ഇയാളുടെ മകന് മിഹിര്‍ ഷാ ഒളിവിലാണ്. ഇയാള്‍ മദ്യപിച്ച് വാഹനമോടിച്ചതായാണ് സൂചന.
പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂണ്‍ ഡോക്കില്‍നിന്ന് മത്സ്യവും വാങ്ങി തിരികെ പോകും വഴി കോലിവാഡയില്‍ വെച്ചായിരുന്നു അപകടത്തില്‍പെടുന്നത്.
അമിത വേഗത്തിലെത്തിയ കാര്‍, ബൈക്കില്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉടന്‍ തന്നെ പ്രദീപ് നഖാവ് ബൈക്കില്‍നിന്ന് ചാടിയിറങ്ങി. എന്നാല്‍ കൈയില്‍ അമിതഭാരം ഉണ്ടായിരുന്നതിനാല്‍ കാവേരിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.