കെസിഎ മുൻ കോച്ചിന്റെ പീഡനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
Sunday, July 7, 2024 3:34 PM IST
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ കോച്ച് മനു പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കെസിഎയ്ക്ക് നോട്ടീസും അയച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചത്. സംഭവത്തില്‍ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
മൂന്നാഴ്ച മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി.
ആറ് പെണ്‍കുട്ടികളാണ് നിലവില്‍ മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ മനു റിമാന്‍ഡിലാണ്.
പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു.
എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.