മസൂദ് പെസെഷ്കിയാൻ ഇറാൻ പ്രസിഡന്റ്
Saturday, July 6, 2024 3:43 PM IST
ടെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാന് വിജയം. എതിർ സ്ഥാനാർഥിയും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാൾ മൂന്ന് ദശലക്ഷം വോട്ടുകൾ മസൂദിന് ലഭിച്ചതായാണ് റിപ്പോർട്ട്.
ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 ദശലക്ഷം) വോട്ടുകൾ പെസെഷ്കിയാൻ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 ദശലക്ഷം) വോട്ടുകൾ ലഭിച്ചു. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ടു കിട്ടാത്തതിനെ വന്നതിനെ തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്.
തബ്രീസിനെ പ്രതിനിധീകരിച്ച് 2008 മുതല്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച നേതാവാണ് മസൂദ് പെസെഷ്കിയാന്. മുന്‍ പ്രസിഡന്റ് മൊഹമ്മദ് ഖട്ടാമിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയായിരുന്നു മസൂദ്. 2016-2020 കാലയളവില്‍ പാര്‍ലമെന്റില്‍ സ്പീക്കറായിരുന്നു.
ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് രാജ്യത്ത് ഇടക്കാല തെരഞ്ഞടുപ്പ് നടന്നത്.