ജാതി, മത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കും: മന്ത്രി സജി ചെറിയാൻ
Monday, July 1, 2024 11:34 PM IST
കായംകുളം: പോരായ്മകൾ തിരുത്തി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ജാതി, മത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മന്ത്രി സജി ചെറിയാൻ.
കേരളത്തിന്റെ സാമൂഹിക മാറ്റവും വളർന്ന് വന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും വിസ്മരിക്കപ്പെടുകയാണ്. നാടിന്റെ സാമൂഹിക മാറ്റത്തിനും ജന്മിത്വത്തിനും എതിരായി നടന്ന പോരാട്ടങ്ങളിൽ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും അടക്കമുള്ള നവോത്ഥാന നായകന്മാർ നടത്തിയ പോരാട്ടങ്ങളും കമ്യൂണിസ്റ്റുകാർ നടത്തിയ സമരങ്ങളും മനുഷ്യനെ മനുഷ്യനായി ജീവിക്കുവാൻ വേണ്ടിയായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും ആക്രമിക്കാനാണ് മാധ്യമങ്ങളും വലത് പക്ഷവും ശ്രമിക്കുന്നത്. ജീവിതാനുഭവങ്ങളിൽ നിന്നു വളർന്ന് വന്ന നേതാവാണ് പിണറായി വിജയൻ. പിണറായി വിജയനെ തകർത്താലേ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ കഴിയൂ എന്നതിലൂടെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത്.
ഏതൊക്കെ അന്വേഷണ ഏജൻസികൾ കേരളത്തിൽ എത്തി അന്വേഷിച്ചിട്ടും അപഹാസ്യരായി മടങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.