കണ്ണൂരിൽനിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം
Saturday, June 29, 2024 7:44 PM IST
തിരുവനന്തപുരം: കണ്ണൂർ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. കണ്ണൂരിൽനിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണ്. ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.
സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂവെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.