പഞ്ചായത്തംഗം മാലിന്യം പൊതു സ്ഥലത്ത് എറിഞ്ഞ സംഭവം; പിഴ ഈടാക്കിയതായി എം.ബി. രാജേഷ്
Saturday, June 29, 2024 2:48 AM IST
തിരുവനന്തപുരം: പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പിഴ ഈടാക്കിയതായി മന്ത്രി എം.ബി. രാജേഷ്. മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം പി.എസ്. സുധാകരനിൽ നിന്നാണ് പിഴയീടാക്കിയത്.
1000 രൂപ ഇയാളിൽനിന്ന് പിഴ ഈടാക്കിയതായി മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും.
മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചതെന്ന് എം.ബി. രാജേഷ് പറഞ്ഞു.