അഞ്ചടിച്ച് ഉറുഗ്വെ, മറുപടിയില്ലാതെ ബൊളീവിയ; ആധികാരികമായി ക്വാർട്ടറിലേക്ക്
Friday, June 28, 2024 10:45 AM IST
ന്യൂജഴ്സി: കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറുഗ്വെ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഉറുഗ്വെ തകർത്തത്.
എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി, 21-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസ്, 77-ാം മിനിറ്റിൽ മാക്സിമിലിയാനോ, 81-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകൂർ എന്നിവരാണ് ഉറുഗ്വെയ്ക്ക് വേണ്ടി വലകുലുക്കിയത്.
കളിയുടെ സമസ്ത മേഖലയിലും ഉറുഗ്വെയുടെ സര്‍വാധിപത്യമായിരുന്നു പ്രകടമായത്. ബൊളീവിയൻ ഗോൾമുഖത്തേക്ക് തുടരെ ആക്രമണം നടത്തിയ ഉറുഗ്വെപ്പട 18 തവണയാണ് ഗോളിയെ പരീക്ഷിച്ചത്.
എട്ടാം മിനിറ്റില്‍ യുവതാരം ഫക്കുണ്ടോ പെല്ലിസ്ട്രിയിലൂടെ ഉറുഗ്വെ മുന്നിലെത്തി. റൊണാൾഡ് അറൗജോയുടെ അസിസ്റ്റിൽ തകർപ്പൻ ഹെഡറിലൂടെ പെലിസ്ട്രി പന്ത് വലയിലാക്കി.
21-ാം മിനിറ്റിൽ ഉറുഗ്വെ വീണ്ടും ലക്ഷ്യംകണ്ടു. മാക്സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ് ആണ് വലചലിപ്പിച്ചത്. ആദ്യപകുതി 2-0 ന് അവസാനിച്ചെങ്കിലും മൂന്നാം ഗോളിന് ഉറുഗ്വെയ്ക്ക് 77-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്സിമിലിയാനോ അറൗജോവ് ലക്ഷ്യംകണ്ടു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു. 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ ലീഡുയർത്തി. പിന്നാലെ 89-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകൂർ ഉറുഗ്വെയുടെ ഗോൾപട്ടിക പൂർത്തിയാക്കി. 82-ാം മിനിറ്റിൽ വെറ്ററൻ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.