വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ
Wednesday, June 26, 2024 7:06 AM IST
കൊച്ചി: വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കാസർഗോഡ് ബേടഡുക്ക സ്വദേശി സഹദ് മുഹമ്മദ് മൊയ്ദീൻ (21) ആണ് പിടിയിലായത്.
എറണാകുളം കലൂരിലെ ലോഡ്ജിൽ നിന്നാണ് 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തത്. ഇയാളുടെ കൂട്ടാളി മലപ്പുറം തവനൂർ സ്വദേശി മുഹമ്മദ് ആഷിക്ക് (21) ഒളിവിലാണ്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. ആറു മാസമായി കലൂരിലെ വിവിധ ലോഡ്ജുകളിൽ മുറികൾ മാറി മാറി വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.