പരിക്ക് അഭിനയിച്ച അഫ്ഗാന് താരത്തെ പരിഹസിച്ച് ക്രിക്കറ്റ് പ്രേമികള്‍
Tuesday, June 25, 2024 3:50 PM IST
കാലിഫോര്‍ണിയ: ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന് ടി20 ലോകകപ്പിന്റെ സെമിയില്‍ കടന്നെങ്കിലും ഒരു അഫ്ഗാന് താരത്തിന്റെ പ്രവൃത്തി ക്രിക്കറ്റ് പ്രേമികളുടെ പരിഹാസത്തിന് ഇടയാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 11.4 ഓവറില്‍ എത്തിയപ്പോള്‍ മഴ പെയ്തു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് ആ സമയത്ത്. ഡിഎല്‍എസ് പ്രകാരം അഫ്ഗാനിസ്ഥാനെക്കാള്‍ രണ്ട് റണ്‍സ് പുറകിലായിരുന്നു അവര്‍. മഴ തുടര്‍ന്നാല്‍ അഫ്ഗാനിസ്ഥാന് കളി ജയിക്കുമായിരുന്നു.
ഇത് മനസിലാക്കിയ അഫ്ഗാനിസ്ഥാന്റെ കോച്ച് ട്രോട്ട് മത്സരം മെല്ലെയാക്കാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോച്ചിന്റെ നിര്‍ദേശം മനസിലാക്കിയ ഗുലാബുദിന്‍ നയീബ് പേശി വലിവ് അഭിനയിച്ച് നിലത്തുവീണു. സ്ലിപ്പില്‍ ഫില്‍ഡ് ചെയ്യുകയായിരുന്നു താരം. പരിക്കിനെക്കുറിച്ച് അഫ്ഗാന് നായകന് റാഷിദ് ഖാനും അന്വേഷിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ മഴ പെട്ടെന്ന് മാറി. പരിക്ക് മാറിയെന്ന് പറഞ്ഞ് നയീബും കളത്തിലിറങ്ങി. ഇതോടെയാണ് നയീബ് അന്തസില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്ന് അഭിപ്രായപ്പെട്ട് ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തിയത്.