അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോഴിക്കോട്ട് വിദ്യാർഥി ആശുപത്രിയില്‍
Tuesday, June 25, 2024 12:17 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയത്തില്‍ 12 വയസുകാരൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍. കോഴിക്കോട് ഫാറൂഖ് കോളജിനടുത്തു ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാര്‍ഥിയെയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വീടിനു സമീപത്തെ കുളത്തില്‍ കുട്ടി കുളിച്ചിരുന്നു. പിന്നീട് സ്കൂളിലെ ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി. അവിടെവച്ച് പന്ത് തലയ്ക്കുതട്ടി പരിക്കേറ്റിരുന്നു. തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. തലയ്ക്കുള്ള പരിക്കിനാണ് ചികില്‍സ നല്‍കിയത്.
അസുഖം ഭേദമാകാത്തതിനാലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമെന്ന നിഗമനത്തില്‍ എത്തിയത്. കുട്ടി വെന്റിലേറ്ററിലാണ്.
കുട്ടി കുളിക്കാനിറങ്ങിയ കുളത്തില്‍ രാമനാട്ടുകര നഗരസഭ ക്ലോറിനേഷന് നടത്തി. കുളത്തില്‍ മറ്റ് ആളുകൾ കുളിക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.