ഡല്‍ഹി ജലമന്ത്രിയുടെ നിരാഹാരസമരം അവസാനിപ്പിച്ചു
Tuesday, June 25, 2024 11:41 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലമന്ത്രി അതിഷി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. അതിഷി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബിജെപി സർക്കാർ വിട്ടു നൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഈ 22 മുതലാണ് അതിഷി സമരം തുടങ്ങിയത്. സമരം തുടങ്ങിയ ശേഷം ഹരിയാന ഹത്നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്ക് വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചിരുന്നു.
ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗാണ് സമരം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. സമരം നിര്‍ത്തിയെങ്കിലും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രതിനിധികള്‍ ഇതേ ആവശ്യവുമായി ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ടതായും എംപി പറഞ്ഞു. ഹരിയാന മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചെന്നും സഞ്ജയ് സിംഗ് പറഞ്ഞു.