ആരോഗ്യസ്ഥിതി മോശം; അതിഷിയെ ആശുപത്രിയിലേക്കു മാറ്റി
Tuesday, June 25, 2024 5:25 AM IST
ന്യൂഡൽഹി: ഹരിയാനയിൽ നിന്നു കൂടുതൽ വെള്ളം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡൽഹി മന്ത്രി അതിഷിയെ ആശുപത്രിയിലേക്കുമാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അതിഷിയെ ദേശീയ തലസ്ഥാനത്തെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബിജെപി സർക്കാർ വിട്ടു നൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഈ 22 മുതലാണ് അതിഷി സമരം തുടങ്ങിയത്. സമരം തുടങ്ങിയ ശേഷം ഹരിയാന ഹത്നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്ക് വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചു.
613 എംജിഡി(മെഗാ ഗാലൻ പെർ ഡെ) വെള്ളം ലഭിക്കേണ്ട സ്ഥാനത്ത് 513 എംജിഡി വെള്ളം മാത്രമാണ് വരുന്നത്. അർഹമായ വിഹിതം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അതിഷിയുടെ തട്ടിപ്പ് സമരമാണെന്ന് ആരോപിച്ച ബിജെപി എംപി ബാൻസുരി സ്വരാജ് ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ നിന്ന് വെള്ളം കൊണ്ടുവന്നു കൂടേ എന്നും ചോദിച്ചു.