ഭര്‍തൃഹരി മഹ്താബ് പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു
Monday, June 24, 2024 10:34 AM IST
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ഒഡീഷയിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്.
ഇതിൽ പ്രതിഷേധിച്ച് പ്രോടെം സ്പീക്കറെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്.ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ് പ്രോടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പാനലില്‍ തുടരില്ലെന്ന് അംഗങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
രാവിലെ 11ന് ലോക്സഭാ നടപടികള്‍ തുടങ്ങും.പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സഭയിലെത്തുക.