ചോദ്യ പേപ്പർ ചോർച്ച; മോദി കാഴ്ച കണ്ടിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി
Sunday, June 23, 2024 11:20 AM IST
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാരെന്നും മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ബിഹാർ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.