ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി അഫ്ഗാൻ
Sunday, June 23, 2024 10:09 AM IST
കിംഗ്സ്ടൗണ്‍: ട്വന്റി 20 ലോകക്കപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാൻ. 21 റൺസിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ 127 റൺസിന് മടക്കി. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റിൽ റഹ്മനുള്ള ഗുർബസും ഇബ്രാഹിം സദ്രാനും 118 റൺസ് കൂട്ടിച്ചേർത്തു. ഗുർബസ് 60 റൺസും സദ്രാൻ 51 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതോടെ അഫ്ഗാന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല.
അര്‍ധസെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്സ്വെല് മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. മാക്സ്വെല് 59 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 11 റണ്‍സെടുത്ത സ്റ്റോയ്നിസ് എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റര്‍മാര്‍. നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയീബും മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉള് ഹഖുമാണ് ഓസീസിനെ തകര്‍ത്തത്.