കയറിയപോലെ തിരിച്ചിറങ്ങി സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ
Saturday, June 22, 2024 10:49 AM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴേക്കുവീണ് സ്വർണം. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 53,080 രൂപയിലും ഗ്രാമിന് 6,635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വർധിച്ചിരുന്നു. സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവില വീണ്ടും 53,000 കടന്നത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു.
രണ്ടുദിവസം വില കുറയുകയും പിന്നീടുള്ള രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയും ചെയ്ത ശേഷമാണ് വ്യാഴാഴ്ച സ്വർണം കുതിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്ണവിലയാണ് വ്യാഴാഴ്ച വീണ്ടും 53,000 രൂപ കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, വാരാന്ത്യത്തിൽ സ്വർണവ്യാപാരം നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 40.22 ഡോളർ (1.70%) താഴ്ന്ന് 2,320.79 ഡോളർ എന്നതാണ് നിരക്ക്.