കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
Friday, June 21, 2024 9:53 AM IST
ന്യൂഡല്‍ഹി: ലോക്സഭയിലെ മുതിര്‍ന്ന അംഗമായിട്ടും പ്രോടേം സ്പീക്കറായി പരിഗണിക്കാതിരുന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാണിതെന്ന് കൊടിക്കുന്നില്‍ പ്രതികരിച്ചു.
ലോക്സഭയിലെ കീഴ്വഴക്കം ലംഘിക്കപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ജനാധിപത്യ അവകാശം തടയുകയാണ്. ലോക്സഭയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു കീഴ്വഴക്കം ഉണ്ടായിട്ടില്ല.
പാര്‍ലമെന്റ് നടപടികള്‍ മോദി സര്‍ക്കാര്‍ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തെ അവഗണിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെ കാലത്തും ബിജെപി ചെയ്തത്. അന്നവര്‍ക്ക് പാര്‍ലമെന്റില്‍ മൃഗീയമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.
എന്നാൽ സഖ്യകക്ഷികളുടെ സഹായത്തോടെ ഭരിക്കുമ്പോഴും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.