നിയമസഭ കൈയാങ്കളി കേസ്; ഇന്ന് കോടതി പരിഗണിക്കും
Thursday, June 13, 2024 7:50 AM IST
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി ഉള്‍പ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍.
തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.