ഭൂമി തർക്കം പരിഹരിക്കാൻ ഭഗവന്ത് മന്ന് ഇടപെടണം; 125 അടി ഉയരത്തിലുള്ള ടവറിൽ കയറി യുവാവ്
Wednesday, June 12, 2024 1:55 AM IST
ചണ്ഡിഗഡ്: ഭൂമി തർക്കം പരിഹരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണണമെന്ന് ആവശ്യപ്പെട്ട് യുവാവ് ടവറിന് മുകളിൽ കയറി. 125 അടി ഉയരത്തിലുള്ള ടവറിന് മുകളിൽ കയറിയയാളെ അഞ്ച് മണിക്കൂറിന് ശേഷം സ്കൈ ലിഫ്റ്റ് ഗോവണി ഉപയോഗിച്ചാണ് പോലീസ് താഴെയിറക്കിയത്.
ഹരിയാനയിലെ ജിന്ദ് സ്വദേശിയായ വിക്രം എന്നയാളാണ് സാഹസികത കാട്ടിയത്. സെക്ടർ 17 ലെ മൊബൈൽ ടവറിന് മുകളിൽ ഒരാൾ കയറിയതായി രാവിലെ 8:30 ഓടെ വിവരം ലഭിച്ചതായി ചണ്ഡീഗഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗുർമുഖ് സിംഗ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപം അഗ്നിശമന സേനയെയും ആംബുലൻസിനെയും വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബിലെ മാൻസ ജില്ലയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ടാണ് ഇയാൾക്ക് പരാതിയുള്ളത്. തന്റെ പരാതിയിന്മേൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
പോലീസ് സംഘം വിക്രമിനോട് താഴേക്ക് ഇറങ്ങാൻ ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും ഭൂമി തർക്കം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയെ കാണണമെന്ന തന്റെ ആവശ്യത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല.
പഞ്ചാബ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചിട്ടുണ്ടെന്നും വിക്രമിന്റെ പ്രശ്നം പരിഹരിക്കുമെന്നും ഡിഎസ്പി പറഞ്ഞു. വിക്രമിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോകാമെന്ന് സിംഗ് ഉറപ്പുനൽകുകയും ചെയ്തു.