ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ എന്റെ നമ്പറില്ല: അര്ജുന് രാധാകൃഷ്ണന്
Tuesday, June 11, 2024 10:59 AM IST
കോട്ടയം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്ജുന് രാധാകൃഷ്ണൻ. ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ നമ്പറില്ല. തന്റെ ഏത് നമ്പറാണ് ഗ്രൂപ്പില്‍ ഉള്ളതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അര്ജുന് പറഞ്ഞു.
താന്‍ ബാറുടമ അസോസിയേഷനില്‍ അംഗമല്ല. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. മദ്യനയത്തിലെ ഇളവിന്റെ പേരില്‍ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അര്ജുന് പറഞ്ഞു.
വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് അർജുന് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. വിവാദ ശബ്ദരേഖ പുറത്തുവന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്ജുന് രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.
പിന്നീട് അഡ്മിന് സ്ഥാനത്തു നിന്നും അര്ജുന് മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.