നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; തദ്ദേശവാര്‍ഡ് വിഭജന ബില്‍ അവതരിപ്പിക്കും
Sunday, June 9, 2024 8:09 PM IST
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കും. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തിങ്കളാഴ്ച മുതല്‍ 28 ദിവസം നീളുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തുക. ബാര്‍ക്കോഴ വിവാദം മുതല്‍ സിഎംആര്‍എല്‍ മാസപ്പടി വരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെന്ഷന് മുടങ്ങിയതും സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് നീക്കം.
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിയാകും സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
ഗവര്‍ണര്‍ മടക്കിയ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ബില്ലായി ആദ്യ ദിവസം സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ സഭയിലെത്തും. 17 വരെ ഇരുവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം.