രാജ്യസഭാ സീറ്റ് പ്രശ്നം:സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ച ഇന്ന്
Saturday, June 8, 2024 9:09 AM IST
തിരുവനന്തപുരം: എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ സിപിഎം-സിപിഐ ഉഭയക്ഷി ചര്‍ച്ച ശനിയാഴ്ച നടക്കും. രാവിലെ 9.30ന് എകെജി സെന്ററിലാണ് ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ചയില്‍ പങ്കെടുക്കും.
രാജ്യസഭാ സീറ്റ് പ്രശ്നപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെയും ഗോവിന്ദനെയും കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. സിപിഐയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുവരും കേരള കോണ്‍ഗ്രസ് എം. ചെയര്മാന് ജോസ് കെ. മാണിയുമായും ചര്‍ച്ച നടത്തും.
തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് പ്രശ്നം പരിഹരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഐക്ക് രാജ്യസഭാ സീറ്റ് നല്‍കുകയും കേരള കോണ്‍ഗ്രസ്- എമ്മിന് മറ്റ് പദവികള്‍ നല്കി അനുനയിപ്പിക്കുകയും ചെയ്യുന്നതാണ് പരിഗണനയില്‍.
രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ്- എമ്മിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
സിപിഐക്കും കേരള കോണ്‍ഗ്രസ്- എമ്മിനും പുറമേ എന്‍സിപി, ആര്‍ജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കെ. രാധാകൃഷ്ണന് ഒഴിയുന്ന മന്ത്രിസ്ഥാനം വേണമെന്നും ആര്‍ജെഡി ആവശ്യപ്പെടുന്നുണ്ട്.
എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഎമ്മിന്റേതാണ്. ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച അവസാനിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും.