സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Saturday, June 8, 2024 6:23 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴായി. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലെ ഓർക്കാ മേഖലയിലെ ഗോബൽ, തുൽത്തുലി ഗ്രാമങ്ങൾക്ക് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
വെടിവയ്പിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസും ചേർന്ന് നക്സൽ വേട്ടക്കിറങ്ങുകയായിരുന്നു.
ഏറ്റുമുട്ടലിനുശേഷം നടത്തിയ പരിശോധനയിലാണ് യൂണിഫോം ധാരികളായ ഏഴ് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഇതോടെ ഈ വർഷം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണം 122 ആയി.