"വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ'; ഏരിയാ കമ്മിറ്റിയംഗത്തോടു വിശദീകരണം തേടും
Thursday, June 6, 2024 8:03 PM IST
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസക്കിനു കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന തരത്തില്‍ സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ചര്‍ച്ച.
പത്തനംതിട്ടയിലെ സിപിഎം ഏരിയാ കമ്മിറ്റി അംഗവും നഗരത്തിലെ പ്രമുഖ നേതാവുമായ അന്‍സാരി അസീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. പത്തനംതിട്ടയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാമിന്റെ ചിത്രം വച്ചായിരുന്നു അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
"വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അന്‍സാരി അസീസ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇതു പിന്‍വലിച്ചു. അപ്പോഴേക്കും പോസ്റ്റ് വൈറലാകുകയും വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തു. അന്‍സാരിയോടു വിശദീകരണം തേടാനാണ് ഏരിയാ കമ്മിറ്റിയുടെ നീക്കം. ജില്ലാ കമ്മിറ്റിയിലും വിഷയം ചര്‍ച്ചയ്ക്കുവരും.
66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്തനംതിട്ടയില്‍ വിജയിച്ചത്. അപ്രതീക്ഷിത പരാജയമെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. സമീപകാലത്ത് എല്‍ഡിഎഫിനു ലഭിച്ച വോട്ടുകണക്കില്‍ വളരെ പിന്നിലാണ് ഐസക്. 3,67623 വോട്ടാണ് ആന്റോ ആന്റണി നേടിയത്.
3,01504 വോട്ട് തോമസ് ഐസക് നേടിയപ്പോള്‍ ബിജെപിയുടെ അനില്‍ ആന്റണി നേടിയത് 2,34406 വോട്ട് ആണ്. പത്തനംതിട്ടയില്‍ തോമസ് ഐസക്കിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തെ ചില നേതാക്കളുടെ താത്പര്യത്തിലായിരുന്നുവെന്നു പറയുന്നു.
റാന്നി നിയമസഭാ മണ്ഡലത്തെ നാലുതവണ പ്രതിനിധീകരിച്ച രാജു ഏബ്രഹാമിനു ലോക്സഭ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന അഭിപ്രായം ജില്ലാ ഘടകത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഐസക് പത്തനംതിട്ടയിലേക്കെത്തുന്നത്. ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗവും ഇതിനു പിന്തുണ നല്കി. കേന്ദ്ര കമ്മിറ്റിയംഗം മത്സരിക്കാന്‍ തയാറെടുത്തതിനു പിന്നാലെ മറ്റു നിര്‍ദേശങ്ങള്‍ അപ്രസക്തമാകുകയും ചെയ്തു.
വോട്ട് നഷ്ടക്കണക്കില്‍ എല്‍ഡിഎഫിന് പിടിവള്ളി പോളിംഗ് ശതമാനം മാത്രം
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത വോട്ട് നഷ്ടത്തിനു മറുപടി പറയാനാകാതെ നേതാക്കള്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 35,180 വോട്ടിന്റെ കുറവ് മാത്രമേ ഇത്തവണ ഉണ്ടായിട്ടുള്ളൂവെങ്കിലും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ 1,36,197 വോട്ടിന്റെ കുറവാണുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ശരാശരി 72 ശതമാനമായിരുന്നു പോളിംഗെങ്കില് ഇക്കുറി അത് 65 ശതമാനത്തിനു താഴേക്കുപോയി എന്നതാണ് ഏക കാരണമായി ചൂണ്ടിക്കാട്ടാവുന്നത്. പാര്‍ലമെന്റ് മണ്ഡലപരിധിയില്‍ ഏഴ് എംഎല്‍എമാര്‍ ഉണ്ടായിട്ടും ഒരിടത്തുപോലും മുന്നിലെത്താന്‍ തോമസ് ഐസക്കിനായില്ല.
അപ്രതീക്ഷിത ഭൂരിപക്ഷമാണ് ആറന്മുള, തിരുവല്ല, റാന്നി നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനുണ്ടായത്. ഏഴ് മണ്ഡലങ്ങളിലായി എല്‍ഡിഎഫിന് ഇത്തവണ ലഭിച്ചത് 3,01,504 വോട്ടാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 3,36,684 വോട്ട് ലഭിച്ചിരുന്നു. 2019നെ അപേക്ഷിച്ച് വോട്ട് ശതമാനത്തിലും നേരിയ വ്യതിയാനം മാത്രമേ ഉള്ളൂവെന്നും ആശ്വസിക്കാം.
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് ആണു ലഭിച്ചത്. 4,37,701 വോട്ട്. പോളിംഗ് ശതമാനം ഏറ്റവും ഉയര്‍ന്നുനിന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഏഴു മണ്ഡലങ്ങളിലും ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്ഥികള്ക്കെല്ലാം കൂടി 80,474 വോട്ട് യുഡിഎഫിനേക്കാള്‍ കൂടുതലായി ലഭിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ കൂടി എല്‍ഡിഎഫിനു ലഭിച്ചശേഷം നടന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ എംഎല്‍എമാരുമായി.