ചേലക്കരയില്‍ രമ്യാ ഹരിദാസ്, പാലക്കാട് മാങ്കൂട്ടത്തിലോ ബല്‍റാമോ; ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്
Thursday, June 6, 2024 9:34 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒഴിവ് വന്ന നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ച തുടങ്ങി കോണ്‍ഗ്രസ്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വരിക.
പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയോ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്റാറാമിനെയോ പരിഗണിക്കുമെന്നാണ് സൂചന. ഷാഫി പറമ്പില്‍ വടകരയിൽ ജയിച്ച സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ സീറ്റില്‍ ഒഴിവ് വരുന്നത്. ഈ സാഹചര്യത്തില്‍ പകരക്കാരനെ തീരുമാനിക്കുന്നതില്‍ ഷാഫിയുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നാണ് വിവരം.
ആലത്തൂരില്‍ കെ.രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ ചേലക്കരയില്‍ പരിഗണിച്ചേക്കും. ചേലക്കര മണ്ഡലത്തില്‍ അയ്യായിരത്തോളം വോട്ടിന്റെ മാത്രം ലീഡാണു രമ്യയ്ക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണനു ലഭിച്ചത്. ഇതാണ് രമ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി കോണ്‍ഗ്രസ് കാണുന്നത്.