"ഇന്ത്യ'യ്ക്ക് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കും: കെ.സി. വേണുഗോപാൽ
Tuesday, June 4, 2024 3:09 PM IST
ആലപ്പുഴ: സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
വലിയ ഭൂരിപക്ഷം നൽകി വിജയപ്പിച്ച ആലപ്പുഴയിലെ ജനങ്ങൾക്കും വേണുഗോപാൽ നന്ദി പറഞ്ഞു. പത്തുവർഷത്തിന് ശേഷമാണ് മത്സരിക്കാൻ വന്നതെന്നും പതിവുപോലെ ആലപ്പുഴയിലെ ജനങ്ങൾ തന്നെ ജയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണെന്നും തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കും. സംസ്ഥാനത്ത് സിപിഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും വേണുഗോപാൽ പ്രതികരിച്ചു.