പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Monday, June 3, 2024 12:25 AM IST
തിരുവനന്തപുരം: പിടിഎ ഫണ്ട് എന്ന് പേരില്‍ കുട്ടികളില്‍ നിന്ന് വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാനെന്നും പിടിഎ എന്നത് സ്കൂള്‍ ഭരണ സമിതിയായി കാണരുതെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല. നിര്‍ബന്ധ പൂര്‍വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അണ് എയിഡഡ് സ്കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അണ് എയ്ഡഡ് സ്കൂളുകളില്‍ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.
ഇതേതുടർന്ന് രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.