എക്സിറ്റ്പോളുകൾ അശാസ്ത്രിയമെന്ന് ശശി തരൂർ
Saturday, June 1, 2024 9:57 PM IST
തിരുവനന്തപുരം: എക്സിറ്റ്പോളുകൾ അശാസ്ത്രിയമാണെന്നും ശരിക്കും ഫലം വരട്ടേയെന്നും കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് എക്സിറ്റ് പോൾ സർവേ. എബിപി സി വോട്ടറിന്റെ സർവേ അനുസരിച്ച് എൻഡിഎ മുന്നണി കേരളത്തിൽ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, എൽഡിഎഫിന് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുമെന്നാണ് എബിപി സി വോട്ടറുടെ സർവേ റിപ്പോർട്ട്. യുഡിഎഫ് 17 മുതൽ 19 സീറ്റുകൾ വരെ നേടുമെന്നും എബിപി സി പറയുന്നു.
ടൈംസ് നൗ-ഇടിജിയും എൻഡിഎ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫ് നാല് സീറ്റും യുഡിഎഫ് 14 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നുമാണ് സർവേ ഫലം.