മാനനഷ്ട കേസിൽ അതിഷിക്ക് സമൻസ്
Tuesday, May 28, 2024 10:31 PM IST
ന്യൂഡൽഹി: ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ട കേസിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയ്ക്ക് കോടതി സമൻസ് അയച്ചു.
ഡൽഹി കോടതിയാണ് സമൻസ് അയച്ചത്. വിചാരണയ്ക്കായി ജൂൺ 29ന് ഹാജരാകണമെന്നാണ് നിർദ്ദേശം. ബിജെപിയിൽ ചേരാൻ തനിക്കു മേൽ സമ്മർദ്ദമുണ്ടെന്നായിരുന്നു അതിഷിയുടെ ആരോപണം.
രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്ത സുഹൃത്തു വഴിയാണ് ബിജെപി തന്നെ സമീപിച്ചത് എന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും അതിഷി ആരോപിച്ചിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്തെത്തി. അതിഷിയെ അറസ്റ്റ് ചെയ്യുമെന്നു താൻ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള പദ്ധതിയാണ് സമൻസെന്നു അരവിന്ദ് കെജരിവാൾ ആരോപിച്ചു.