ഫ്ലോറിഡയിൽ കാറിടിച്ച് തെലുങ്കാന സ്വദേശിനി മരിച്ചു
Tuesday, May 28, 2024 1:19 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ലോറിഡയിൽ തെലുങ്കാന സ്വദേശിയായ യുവതി കാറിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ഗുണ്ടിപ്പള്ളി സൗമ്യ (25) ആണ് കൊല്ലപ്പെട്ടത്.
യാദാദ്രി ഭോംഗിർ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനായാണ് യുഎസിലേക്ക് പോയത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യുവതി ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളായ കോട്ടേശ്വര റാവുവും ബാലാമണിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. തെലങ്കാന മന്ത്രി കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി യുവതിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. സൗമ്യയുടെ മൃതദേഹം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.