കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Sunday, May 26, 2024 11:09 AM IST
ഹാസൻ: കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഹാസനിലെ ഇച്ചനഹള്ളിയിൽ ദേശീയപാത 75ൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരു കുഞ്ഞും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
ഹൊസ്കോട്ട് താലൂക്കിലെ കാരഹള്ളി സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ, ഡ്രൈവർ രാകേഷ് എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിച്ച് ചിക്കബല്ലാപുരയിലേക്ക് മടങ്ങുകയായിരുന്നു സംഘം.
പുലർച്ചെ കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടടുത്ത ലെയിനിലേക്ക് ചാടി കണ്ടെയ്നറിൽ ഇടിക്കുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പുറത്തെടുത്തത്.
ഹാസൻ ജില്ലാ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജേത സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.