ഗെയിമിംഗ് സെന്ററിലെ തീപിടിത്തം: മരണം 24 ആയി; അന്വേഷണം പ്രഖ്യാപിച്ചു
Saturday, May 25, 2024 10:28 PM IST
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ ഒൻപത് കുട്ടികളുമുള്‍പ്പെടും.
നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 15 കുട്ടികളെ രക്ഷപെടുത്തിയതായി ദൗത്യ സംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധന സഹായം നൽകും. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. അപകടം നടന്ന ടിആര്‍പി ഗെയിം സോണ്‍ പ്രവർത്തിച്ചത് മതിയായ രേഖകൾ ഇല്ലാതെയെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗെയിമിംഗ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു.