ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കറിൽ വാതകചോർച്ച; താത്കാലികമായി അടച്ചു
Thursday, May 23, 2024 12:17 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച. രാവിലെ ഏഴരയോടെയാണ് സംഭവം. മംഗളൂരുവിൽ നിന്നു വരികയായിരുന്ന ഗ്യാസ് ടാങ്കറുകളിലൊന്നിലാണ് ചോർച്ച ഉണ്ടായത്.
ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡ്രൈവര്‍ ചോര്‍ച്ച ശ്രദ്ധിച്ചത്. ഉടൻതന്നെ വാഹനം റോഡിന്റെ ഒരുവശത്തേക്ക് മാറ്റിനിർത്തിയ ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. അതിരാവിലെയായതിനാൽ റോഡിൽ അധികം ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല.
കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മഡിയൻ-വെള്ളിക്കോത്ത് വഴിയും കാസർഗോഡ് ഭാഗത്തുനിന്നുള്ളവയെ ചാമുണ്ഡിക്കുന്ന് - പാറക്കടവ് പാലം വഴിയും ദേശീയപാതയിലേക്ക് തിരിച്ചുവിട്ടു.
പിന്നീട് ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിനു സമീപം നിർത്തിയിട്ടിരിക്കുന്ന ലോറിയിലെ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ടാങ്കറിന്റെ സൈഡ് വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. പാചക വാതക വിതരണ കമ്പനിയിൽ നിന്ന് ടെക്നീഷ്യൻ എത്തിയതിന് ശേഷം തുടർ നടപടിയെടുക്കും.