നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
Tuesday, May 21, 2024 2:50 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറുടെ അഭ്യർഥനയെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ടിനുള്ള ഐസിസി പ്രോസിക്യൂട്ടറുടെ അപേക്ഷ അതിരുകടന്നതാണെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണികൾക്കെതിരെ അമേരിക്ക എപ്പോഴും ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ നീക്കം ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകി. ഐസിസി പ്രോസിക്യൂട്ടറുടെ ശ്രമത്തെ അമേരിക്ക തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, നെതന്യാഹുവിനും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാക്കൾക്കെതിരെയും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ അറസ്റ്റ് വാറണ്ട് തേടിയിരുന്നു. 2002-ൽ സ്ഥാപിതമായ ഐസിസിയിൽ അമേരിക്കയോ ഇസ്രയേലോ അംഗമല്ല.