സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
Tuesday, May 21, 2024 1:12 AM IST
ഗുരുഗ്രാം: സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണ് സംഭവം.
ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും (28) കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭർത്താവുമായി പിരിഞ്ഞതിന് ശേഷമാണ് വിക്കിയുമായി അടുത്തത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് കാച്ചി കോളനിയിലെ ഒരു വീട്ടിൽ വിക്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വിക്കിയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിനൊടുവിൽ സദർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ അർജുൻ ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച ഘാട്ട ഗ്രാമത്തിൽ നിന്ന് നീതുവിനെ അറസ്റ്റ് ചെയ്തു. ഇവരുടെ സഹോദരൻ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രിയിൽ താനും സഹോദരനും വിക്കിയുടെ മുറിയിൽ എത്തിയെന്നും തങ്ങൾ മൂന്നുപേരും മദ്യപിച്ചുവെന്നും നീതു പോലീസിൽ മൊഴി നൽകി. തുടർന്ന് തന്റെ സഹോദരനും വിക്കിയും വഴക്കുണ്ടായെന്നും താൻ പാൻ ഉപയോഗിച്ച് വിക്കിയെ മർദിച്ചു കൊന്നുവെന്നും നീതു പറഞ്ഞു.