പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
Sunday, May 19, 2024 7:58 PM IST
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥനത്ത്. പഞ്ചാവിനെ നാലുവിക്കറ്റിന് തകർത്താണ് ഹൈദരാബാദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
സ്കോര്‍: പഞ്ചാബ് കിംഗ്സ് 214/5, ഹൈദരാബാദ് 215/6 (19.1). ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.
ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്സിമ്രാന് സിംഗിന്റെ പ്രകടനമാണ് പഞ്ചാവിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. അഥര്‍വ ടൈഡെ (27 പന്തില്‍ 46) റിലീ റൂസോ (24 പന്തില്‍ 49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിംഗ് ഞെട്ടിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം മികച്ച സംഭാവന നൽകിയതോടെ ഹൈദരാബാദ് 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അഭിഷേക് ശർമ്മ 66, രാഹുൽ ത്രിപാഠി 33, നിതീഷ് കുമാർ റെഡ്ഡി 37, ഹെൻറിച്ച് ക്ലാസൻ 42 എന്നിവർ ഹൈദരാബാദിനായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. 28 ബോളിൽ 66 റൺസ് അടിച്ചെടുത്ത അഭിഷേക് ശർമ്മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാം. തോറ്റാല്‍ എലിമിനേറ്ററില്‍ ആര്‍സിബി ആകും രാജസ്ഥാന്റെ എതിരാളികള്‍. നിലവിൽ ഹൈദരാബാദിന് 17 പോയിന്റും രാജസ്ഥാന് 16 പോയിന്റുമുണ്ട്.