ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
Wednesday, May 15, 2024 2:59 AM IST
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് പാഠ്യപദ്ധതി സൃഷ്ടിച്ച് ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനകീയ, ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സംസ്ഥാന സർക്കാർ പിൻതുടരുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന് ജനങ്ങൾ നൽകുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു. പരിസ്ഥിതി, ശാസ്ത്ര ബോധവും ലിംഗ നീതിയും സാംസ്കാരിക വൈവിധ്യങ്ങളും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് പിൻതുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നാം ലക്ഷ്യം വയ്ക്കുന്നു. അതിനനുസരിച്ചുള്ള ചുമതലകൾ കാര്യക്ഷമതയോടെ നിർവഹിക്കാൻ അധ്യാപകരെ സജ്ജമാക്കുന്നതിനാണ് 2024 ലെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.