മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
Tuesday, May 14, 2024 1:13 AM IST
തിരുവനന്തപുരം: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും കളക്ടർമാരോടും ഡിഎംഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നല്‍കിയിട്ടുണ്ട്.
മഞ്ഞപ്പിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നതെന്നും ആരോഗ്യ വകുപ്പിന്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ജില്ലാ കളക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.