ബാലവിവാഹം അധികൃതര്‍ തടഞ്ഞു; പത്താം ക്ലാസുകാരിയെ 32 വയസുകാരന് കഴുത്തറുത്ത് കൊലപ്പെടുത്തി
Friday, May 10, 2024 1:33 PM IST
ബംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ 32 വയസുകാരന് കഴുത്തറുത്ത് കൊലപ്പെടുത്തി. മീന(16) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊല നടത്തിയത്. ബാലവിവാഹം അധികൃതര്‍ ഇടപെട്ട് തടഞ്ഞതോടെ വിവാഹത്തില്‍ നിന്ന് കുടുംബം പിന്മാറിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പ്രകോപിതനായ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് കുട്ടിയെ പുറത്തേക്ക് വലിച്ചിട്ടതിന് ശേഷം മാതാപിതാക്കളുടെ കണ്മുന്നില് വച്ചായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപെട്ടു.
പെണ്‍കുട്ടിയുടെ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം. ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ബാലവിവാഹത്തിന് എതിരെ ചിലര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു.
ഇതേതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കൂ എന്ന് മാതാപിതാക്കളെ അധികൃതര്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.