പറന്നുയരുന്നതിനു തൊട്ടുമുമ്പ് സാങ്കേതിക തകരാര്‍; സുനിത വില്യംസിന്റെ ബഹിരാകാശയാത്ര മാറ്റിവച്ചു
Tuesday, May 7, 2024 10:06 AM IST
വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു. അറ്റ്ലസ് ഫൈവ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതോടെയാണ് ഇന്നു നടക്കേണ്ട യാത്ര നീട്ടിയത്.
വിക്ഷേപണത്തിന് 90 മിനിറ്റിന് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇരുവരെയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. വിക്ഷേപണസമയം പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.34നായിരുന്നു പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സുനിതയാണ്.
‘ക്രൂ ഫ്ളൈറ്റ് ടെസ്റ്റ്’ എന്നറിയപ്പെടുന്ന ദൗത്യത്തിന്റെ ലക്ഷ്യം നാസയുടെ ഈ രണ്ട് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയായിരുന്നു. ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്. 2006 ഡിസംബറിലായിരുന്നു 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര. 2012 നവംബറിൽ വീണ്ടും ബഹിരാകാശത്തെത്തി. സുനിതയുടെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശത്ത് നടന്നതിന്റെ റിക്കാർഡുള്ളത്.