വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം
Tuesday, May 7, 2024 2:18 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. മതം പറഞ്ഞല്ല എൽഡിഎഫ് വോട്ട് ചോദിച്ചത്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മുഴുവൻ പ്രചാരണം നടത്തിയ പിണറായി സംസാരിച്ചത് മുഴുവൻ രാഷ്ട്രീയമാണെന്നും ഒരിക്കൽ പോലും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ വടകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് അടുത്ത വർഷം നൂറാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമർശിക്കുന്നവരെ ജയിലിൽ അടക്കുന്നു. വർഗീയ പാർട്ടിയായ ബിജെപിയെ തുരത്താൻ ഉള്ള പ്രവർത്തനമായിരുന്നു കോൺഗ്രസ് നടത്തേണ്ടിയിരുന്നത്. ഇതാണോ അവർ വടകരയിൽ ഉൾപ്പെടെ ചെയ്തതെന്ന് എളമരം കരീം ചോദിച്ചു.