ഐസിയു പീഡനം: അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേട്
Monday, May 6, 2024 7:23 PM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളെന്ന് അതിജീവിത.
തന്നെ പരിശോധിക്കാനെത്തിയപ്പോൾ ഡോ. പ്രീതി ക്കൊപ്പം മറ്റൊരു ജൂണിയര്‍ ഡോക്ടർ ഉണ്ടായിരുന്നുവെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജൂണിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല.
ആസമയം ഡോ. പ്രീതിയും നഴ്സ് പി.ബി അനിതയുമാണ് ഉണ്ടായിരുന്നത്. പരിശോധനയ്ക്കെത്താത്ത ജൂണിയര്‍ ഡോക്ടറുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ എങ്ങനെയാണ് വന്നതെന്നും അവര്‍ ചോദിക്കുന്നു.
മുഖ്യപ്രതി ശശീന്ദ്രനെതിരായ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ഡോ. പ്രീതിയുടെ മൊഴിയിലും കൂടെ മറ്റൊരു ഡോക്ടർ ഉണ്ടായിരുന്നതായി പറയുന്നില്ല. കുറ്റപത്രത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ ഒരു സാക്ഷിയെക്കുറിച്ച് പരാമർശമില്ല.
താൻ ഡോ. പ്രീതിക്കെതിരേ പരാതി നൽകിയശേഷം മാത്രം ഇങ്ങനെ ഒരു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത് പ്രീതിയെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്നതിന് തെളിവാണ്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അതിജീവിത പറയുന്നു.
രോഗിയുടെ പരിശോധന വേളയിൽ താനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും ഡോ. പ്രീതി തനിച്ചാണ് പരിശോധനക്കെത്തിയതെന്നും സംഭവം വാർഡ് 20 ലെ ഹെഡ് നഴ്സായ പി.ബി.അനിത മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരിയുടെ രഹസ്യ ഭാഗത്ത് നഖംകൊണ്ടുള്ള പാടും രക്തവും കണ്ടിരുന്നുവെന്നും ഇക്കാര്യം താൻ ഡോക്ടറെ അറിയിച്ചിരുന്നതായും അനിത മൊഴിയിൽ പറയുന്നു. രോഗി പറഞ്ഞ എല്ലാ കാര്യങ്ങളും പരിശോധനയ്ക്കെത്തിയ ഡോക്ടർ കേസ് ഷീറ്റിൽ എഴുതിയതായി കണ്ടിരുന്നില്ലെന്നും അനിത പറയുന്നുണ്ട്.
എന്നാൽ, അനിതയുടെ മൊഴി അവിശ്വസനീയമാണെന്നും ഇങ്ങനെയൊരു കാര്യം അവർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഐജിയുടെ നിർദേശപ്രകാരമാണ് അതിജീവിതക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകിയത്. 2023 മാർച്ച് 18നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അതിജീവിത പീഡനത്തിനിരയായത്.