സിംബാബ്വെ മുൻ നായകന്റെ മകനും അന്താരാഷ്ട്ര ക്രിക്കറ്റിൽ
Sunday, May 5, 2024 6:07 PM IST
ചിറ്റഗോംഗ്: സിംബാബ്വെ മുൻ നായകനും ഇടംകൈയൻ ഓപ്പണിംഗ് ബാറ്റ്സ്മാനുമായിരുന്ന അലിസ്റ്റർ കാംബെലിന്റെ മകൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 26 വയസുകാരനായ ജൊനാദൻ കാംബെൽ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടക്കം കുറിച്ചത്.
പിതാവ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായിരുന്നെങ്കിൽ മകൻ ബൗളിംഗ് ഓൾറൗണ്ടറുടെ റോളിലാണ് കളിക്കളത്തിലുള്ളത്. വലംകൈയൻ ലെഗ് സ്പിന്നറായ ജൊനാദൻ ഭേദപ്പെട്ട പ്രകടനമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നടത്തിയിരിക്കുന്നത്.
188 ഏകദിനങ്ങളിലും 60 ടെസ്റ്റുകളിലും അലിസ്റ്റർ കാംബെൽ സിംബാബ്വെയ്ക്കായി പാഡണിഞ്ഞിട്ടുണ്ട്. ഏകദിനത്തിൽ ഏഴ് സെഞ്ചുറികൾ ഉൾപ്പടെ 5,185 റൺസ് കുറിച്ച മുൻ നായകൻ ടെസ്റ്റിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പടെ 2,858 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.
ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരേയായിരുന്നു അലിസ്റ്റർ കാംബെലിന്റെ അരങ്ങേറ്റം. 2003 മാർച്ച് 12ന് കെനിയയ്ക്കെതിരേ കളിച്ച ഏകദിനമായിരുന്ന താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. കളിക്കളം വിട്ട ശേഷം പരിശീലകനായും സിംബാബ്വെ ക്രിക്കറ്റ് ബോർഡിലെ സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.